മലയാളം, തമിഴ് എന്നീ ഭാഷകളിലായി ഒരുങ്ങുന്ന പുതിയ ഹൊറർ ചിത്രത്തിന്റെ സംവിധായകനായി നടി ഉർവശിയുടെ കുടുംബത്തിൽ നിന്നുള്ള അഭയ് ശങ്കർ രംഗപ്രവേശം ചെയ്യുന്നു.
2023‑ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം യോസിയിലെ നായകനായാണ് അഭയ് ശങ്കർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഉർവശി–കലാരഞ്ജിനി–കല്പന കുടുംബത്തിൽ നിന്നുള്ള അഭയ്, ആദ്യമായി തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. ഇനിയും പേര് പ്രഖ്യാപിക്കാത്ത ഈ പ്രോജക്ട് ഹൊറർ–ത്രില്ലർ ശൈലിയിലാണ് ഒരുങ്ങുന്നത്.
ചിത്രത്തിലെ നായകനായി എത്തുന്നത് ഹൃദയം, ഗാർഗി, ഫേസസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലേഷ് രാമാനന്ദ് ആണ്. നായികയായി എത്തുന്നത് ദൃശ്യം 3, വലതു വശത്തെ കള്ളൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പരിചിതയായ ശ്രദ്ധ ഗോകുൽ.
പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ നായകന്റെ അമ്മയായി മലയാളികളുടെ പ്രിയപ്പെട്ട കലാരഞ്ജിനി എത്തുന്നു. അമ്മ–മകൻ ബന്ധത്തിന്റെ രസകരമായ നിമിഷങ്ങൾ കഥയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും.
തമിഴ് താരനിരയിൽ രമേശ് തിലക്, തലൈവാസൽ വിജയ്, കുംകി അശ്വിൻ, ടി.എസ്.ആർ. ശ്രീനിവാസൻ, ഡോ. അമർ രാമചന്ദ്രൻ, പ്രതിഭ പ്രതാപ് എന്നിവർ അഭിനയിക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് പ്രണവാണ്. സംഗീതം ശ്രീജിത് എടവന, എഡിറ്റിങ് അയ്യപ്പൻ നായർ, സ്റ്റണ്ട് മാസ്റ്റർ ജാക്കി ജോൺസൺ, ആർട്ട് ഡയറക്ടർ എസ്.പി. നാഗരാജ് എന്നിവരാണ്.
ചെന്നൈയും കേരളവും പ്രധാന ലൊക്കേഷനുകളാക്കി ചിത്രീകരണം പുരോഗമിക്കുന്നു. ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയായതായി സംഘാംഗങ്ങൾ അറിയിച്ചു.
ഹൊറർ ത്രില്ലറിന്റെ ആവേശവും കുടുംബബന്ധങ്ങളുടെ ചൂടും ചേർത്തൊരുക്കുന്ന ഈ ചിത്രം, കുടുംബപ്രേക്ഷകരെയും ഹൊറർ പ്രേമികളെയും ഒരുപോലെ ആകർഷിക്കുന്ന ഒരു വ്യത്യസ്ത അനുഭവമായി എത്തുകയാണ്.